2009, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ശിവരാമ മാ‍മന്റെ “വള്ളികളസം”


എല്ലാരും ഒന്ന് ഞെട്ടി.........ഞെട്ടണം....

അല്ല, അല്ലെങ്കിൽ “എന്തര് ഓണം, എന്തോന്ന് ഓണം ”.( ജഗതി ശ്രീകുമാർ സ്റ്റൈലിൽ ഒന്ന് നീട്ടി വായിക്കാൻ അപേക്ഷ).

പത്ത്- പതിമൂന്ന് വയസ്സിനുള്ളിൽ ആഘോഷിച്ചതല്ലേ ഓണം...? പിന്നിട് ഉണ്ടായ ഓണം ഒക്കെ ഒരു ഓണം ആണോ?

ഒരു പുസ്തകം ആക്കത്തക്കവിധം അല്ലേ നമ്മന്റെ “അനുഭവങ്ങൽ -പാളിച്ചകൾ” പരന്ന് കിടക്കുന്നത്...!!

ഞങ്ങൾ “കുട്ടി പട്ടാളങ്ങൾ” രാവിലത്തെ മ്യഷ്ടാന്നഭോജനത്തിന് ശേഷം, ബാബു ചേട്ടന്റെ വിജനമായ പറമ്പിൽ ഒന്ന് കൂടും. അവിടെ വിശാലമായ പറമ്പിൽ ഒരറ്റത്ത് ആൺ കൂട്ടം, ഗോ‍ലി കളി, പന്ത് കളി ഇത്യാതികളിൽ മുഴുകുമ്പോൾ.., പെൺകൂട്ടം......വള മുറി കളി, ചക്ക് കളി, ഊഞ്ഞാൽ ആട്ടം ഇവയിൽ ആണ് വ്യാപൃതർ.

ഈ പറമ്പിലെ ഊഞ്ഞാൽ, എത് വമ്പനും ഒന്ന് ഇരുന്ന് ആടാൻ പാകത്തിന്നുള്ള “തട്ട് ഊഞ്ഞാൽ“ എന്ന് അറിയപ്പടുന്ന ഒരു ഭീമൻ ആയിരുന്നു.പെൺകൂട്ടം രണ്ട് കൂട്ടമായി തിരിഞ്ഞ് ഉഗ്രമായ “ കമ്പ് ” എടുക്കൽ മത്സരത്തിൽ ആയിരുന്നു

(ഇത് എന്ത് എന്ന് അറിയാത്തവർക്കായി ഒരു ചെറുവിവരണം - ഊഞ്ഞാലിന്റെ രണ്ട് അറ്റത്തായി 2 ടീമിന്റെയും 2 പേർ ഊഞ്ഞാൽ തടിയുടെ അറ്റത്തായി ഇരിക്കുന്നു.4 പേർ ചേർന്ന് ഊഞ്ഞാലിനെ അതിശക്തമായി ആട്ടി വായുവിൽ നിർത്തി (മുട്ട, തലയിൽ പൊക്കം,ഉണ്ട,ആന പൊക്കം) ഇത്യാതിയ്ക്ക് തൊട്ട് മുമ്പ്, വായിൽ കടിച്ച് പിടിച്ച് ഇരിക്കുന്ന ചെറിയ കമ്പിൻ കഷ്ണം തറയിലേക്ക് നിക്ഷേപിക്കേണ്ടതും, അതു 100 എണ്ണിതീരുന്നതിനുമുൻപ്, ഏത് വക അഭ്യാസങ്ങൾ വഴിയും തിരിച്ച് എടുക്കേണ്ടതും ആയിരുന്നു.)

ശിവരാമന്റെ “വള്ളികളസം”. -ഇതിനെപറ്റി ഒരക്ഷരം മിണ്ടാത്തതിന്റെ നീരസം ഇത് വായിക്കുന്ന എല്ലാവരുടെയും മുഖത്ത് എനിക്ക് കാണാം.ആക്രാന്തം, അത് വായനയിലാണെങ്കിലും, പാടില്ല തന്നെ.ഈ കമ്പ് എടുക്കൽ അഭ്യാസപ്രകടനം അതിന്റെ പാരമ്യത്തിൽ നിൽക്കവേ, വല്ലാതെ വലിഞ്ഞിഴഞ്ഞ ഒരു ഗർജ്ജനം..

”ഒന്ന്മാറിനിൽക്ക് മക്കളെ............മാമൻ ഒന്ന് ആടട്ടെ......”

പിന്നെ ഊഞ്ഞാലിന്റെ നിയന്ത്രണം ഈ “മാമൻ” ഏറ്റെടുക്കുന്നു. ശിവരാമന്റെ പെങ്ങൾ “രാധ“ ഇതിനിടയിൽ “അണ്ണാ വേണ്ടാണ്ണാ, അണ്ണാ വേണ്ടാണ്ണാ“ എന്നിങ്ങനെ നിലവിളിക്കുന്നുണ്ടായിരുന്നു. തിരുവോണത്തിന് രാവിലെ ഭേഷായി മിനുങ്ങി വന്ന് നിൽക്കുന്ന അണ്ണനുണ്ടൊ ഇത് വല്ലതും കേൾക്കുന്നു...

“പട്ടി കടിക്കല്ലെ വീട്ട്കാരെ...ഞങ്ങൾ പട്ടാണിമാരായ പിള്ളാരാണെ...താന്നിനെ തന്നാന തനി.....”

ശിവരാമമാമൻ പാട്ടും ആട്ടവും ഊഞ്ഞാലിൽ ഇരുന്ന് തുടരുന്നു.ഇതിനിടയിൽ, മുട്ട, തലയിൽ പൊക്കം,ഉണ്ട, ആനപൊക്കം ഈ പേരിൽ അറിയപ്പടുന്ന ഈ അഭ്യാസത്തിന്, അടുത്ത് ഗോലികളിയിൽ മുഴുകിയിരുന്ന “സ്വപുത്രനെ” ക്ഷണിക്കുകയും, മൂന്നാവട്ട മുട്ടയിടീലിലിൽ, ശിവരാമമാമന്റെ മുണ്ട് സ്വപുത്രന്റെ കയ്യിലും....

വള്ളികളസത്തിൽ നിൽക്കുന്ന ശിവരാമമാമനെ കണ്ട് കുട്ടിപട്ടാളം ആർത്ത് ചിരിക്കുന്നു.കാര്യം കുറച്ച് വൈകിമാത്രം മനസിലാക്കിയ ശിവരാമമാമൻ, “തിരുവോണത്തിന് തന്തയുടെ ഉടുമുണ്ട് അഴിച്ചവനേ“ എന്നുള്ള ആക്രോശവും,“ടപ്പോ....എന്റെ അമ്മേ....“ എന്ന നിലവിളിശബ്ദവും ഒന്നിച്ചായിരുന്നു..

വാൽകഷ്ണം- 2 കാലും ഒടിഞ്ഞ്, മൂന്ന് മാസകാലവും മാമൻ വെറും വള്ളികളസത്തിൽ മാത്രം ആയിരുന്നു എന്നാണ് കുട്ടിപട്ടാളത്തിന്റെ പിന്നീട് ഉണ്ടായ പിന്നാമ്പുറ സംസാരം.

ശിവരാമ മാ‍മന്റെ “വള്ളികളസം” എന്ന ഈ പോസ്റ്റിന് മനോഹരമായ “സ്കെച്ച് ” വരച്ച് തന്ന സനീഷ് എന്ന എന്റെ സഹപ്രവത്തകനും,മോഡിഫിക്കേഷൻസ് നടത്തിതന്ന ജീന മാത്യൂ എന്ന എന്റെ സഹപ്രവർത്തകക്കും ഈ പോസ്റ്റ് സമർപ്പിക്കുന്നു.

2009, ഓഗസ്റ്റ് 12, ബുധനാഴ്‌ച

പൂച്ച പുരാണം

“കാര്യങ്ങൾ ഒന്നും നമ്മൾ വിചാരിച്ചമാതിരി അല്ല”- ബൂലോകരുടെ ഒക്കെ ബ്ലോഗ് കണ്ടാ‍ൽ, ഇന്ന്, ഇപ്പോൾ,ഇവിടെ വച്ച് എഴുത്ത് നിർത്താൻ തോന്നും. അല്ല പിന്നെ, ഒരു വിഷയത്തിനും എനിക്ക് സ്കോപ് ഇല്ലാതാക്കി “ഇകണ്ട” വിഷയങ്ങൾ ഒക്കെ എടുത്ത് “അമ്മാനമാടി” എല്ലാം തച്ച് തകർത്ത് മുന്നേറുകയല്ലേ.........മാലോകർ ( “ക്ഷമിക്കണം ബ്ലോലോകർ ”) .

ആശ്വസിക്കാൻ വരട്ടെ, അങ്ങനെ ഒന്നും പിന്മാറാ‍ൻ എനിക്ക് മനസ്സില്ല. “ പിന്മാ‍റുക” എന്ന വാക്ക് എന്റെ നിഘണ്ടു വിൽ ഇല്ലാത്തതിനാലും “സാഹിത്യത്തെ എടുത്ത് അമ്മാനമാടനുള്ള എന്റെ കഴിവ് ഇതിനോടകം തന്നെ വൻ ഖ്യാതി നേടികഴിഞ്ഞതിനാലും. ഇനി സഹിക്കുകേ നിവർത്തിയുള്ളു.

അമ്പടാ............കിട്ടിപ്പോയി........എത്രമനോഹരമായ, ഗഹനമായ “വിഷയം” എവിടെ നിന്ന് തുടങ്ങണം എന്ന് മാത്രമേ ഇനി എനിക്ക് തീരുമാനിക്കേണ്ടതുള്ളു. ഖണ്ടശ്ശ തന്നെ പ്രസിദ്ധികരിച്ചാലോ എന്നാണ് ഇപ്പോഴത്തെ ആലോചന.

ബൈബിളിൽ പറയും പോലെ “ നിങ്ങളിൽ പാപം ചെയ്യാത്തവർ മാത്രം” എന്നെ കല്ലെറിഞ്ഞാലും.

ആരും നെറ്റിചുളിക്കണ്ട.....

ദാ....വിഷയത്തിലേക്ക് എത്തികഴിഞ്ഞു..........

ആമുഖം ഇവിടെ അവസാനിക്കുന്നു.....ഇനി നേരേ വിഷയത്തിലേക്ക്.......!

*****************************************
വളരെ വളരെ വർഷങ്ങൾ പിറകിലേക്ക്..........................................

സക്ഷാൽ ഒരു ക്രിസ്മസ് മാസം, രാവിലെ മുതൽ ഞാൻ അമ്മയോട് “അക്കരെ“(തറവാട്ടിൽ) പോകാൻ ഉള്ള അനുവാദം ചോദിക്കുകയാണ്,അവിടേക്ക് പോകാൻ ഉള്ള വഴിയിൽ എന്നേക്കാത്ത് ഇരിക്കുന്ന, എനിക്ക് ജിജ്ഞാസ ഉണർത്തുന്ന എന്തെല്ലാം അൽഭുതങ്ങൾ ആണ് , അത് അറിയാവുന്നത് കൊണ്ട് തന്നെ എന്നെ ഒറ്റക്ക് അങ്ങനെ വിടാ‍റില്ല( പച്ചക്ക് പറഞ്ഞാൽ ,പറഞ്ഞാൽ കേൾക്കുന്ന സ്വഭാവം പണ്ടേ ഇല്ലാഎന്ന് ചുരുക്കം) തറവാട്ടിലേക്ക് വെറും 10 മിനിറ്റ് ദൂരം മാത്രം. അത് നേരായ വഴിയിലൂടെ പോയാൽ ഉള്ള കാര്യം, എനിക്ക് അത് ഒന്ന് മുതൽ ഒന്നര മണിക്കൂർ വരെ നീണ്ടേക്കാവുന്ന ദൂരം ആണ് .

കണ്മുന്നിൽ നിന്ന് സ്വന്തം വീട് ഒന്ന് മറയുകയേ വേണ്ടു.................പ്ന്നീട് ഒരു പാച്ചിൽ ആണ്, പിന്നെ ഫസ്റ്റ് ലാൻഡിങ് “ കരിഞ്ഞൻപള്ളി ” ക്ഷേത്ര വക കുളത്തിന്റെ കല്പടവിൽ( ഈ പ്രദേശം കാടുപടലങ്ങളാൽ മൂടിയും, പകൽ പോലും ആളുകൾ എത്തിനോക്കാൻ മടിക്കുന്ന ഒരു സ്ഥലം കൂടി ആയിരുന്നു) . അയൽക്കൂട്ടത്തിലെ മറ്റ് കുട്ടി സംഘങ്ങൾ ഒപ്പം ഉണ്ടെങ്കിൽ, പിന്നെ “മീൻ പിടുത്ത മഹാമഹം അരങ്ങ് തകർക്കുകയായി. ചൂണ്ടയേക്കാൾ ഞങ്ങക്ക് ഇഷ്ടം, ഒളിപ്പിച്ച് കൊണ്ടുവരുന്ന ‘ഈരിഴൻ തോർത്ത്” ആയിരുന്നു.

എല്ലാവരും കൂടി സമാന്തരമായി മറ്റൊരു “ കുഞ്ഞി കുളം കുഴിക്കുന്നു” തോർത്ത് വഴി കിട്ടുന്ന പരൽ മീനുകളെ അതിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു, ബാക്കി മീനുകളെ കയ്യിലുള്ള കുപ്പികളിലേക്ക് ആവാഹിക്കുന്നു. പിന്നീട് ഈ കുട്ടി ജാഥ അടുത്തുള്ള പൊട്ടകിണറിനരികിലേക്ക്, അവിടെ നിന്ന് കമ്മ്യൂണിസ്റ്റ് പച്ചയുടെ നീണ്ടവടി ഉപയോഗിച്ച് കിണറിനുള്ളിലെ “പൊത്തുകളിൽ വിശ്രമിക്കുന്ന” പാമ്പുകളെ കുത്തിവേദനിപ്പിക്കുക, ഞോണ്ടുക ഇത്യാതി കലാപരിപാടികളിലേക്ക്.

പന്നീട് ആണ് വയലിലേക്ക് എന്നപ്രോഗ്രാം” പ്രതിമാനിർമ്മാണത്തിന് ആവശ്യമായ ചേറ് കുഴക്കൽ,ഉരുട്ടൽ,അതിൽ ചാടിമറിയൽ ഇന്നിങ്ങനെയുള്ള,ചില്ലറ വിനോദങ്ങൾ അരങ്ങേറുന്നു, അതിന് ശേഷം പാടവരമ്പിൽ നിന്ന് മറ്റെരു വരമ്പിലേക്ക് ഉള്ള “ഹൈജമ്പ് ചാട്ടങ്ങൾ. ഇവക്ക് ഒടുവിൽ “ അലക്കിവെളുപ്പിക്കാൻ” അടുത്ത തോടിലേക്ക്. ഈ കലാപരിപാടി...............“വീട്ടുകാരെ അറിയിക്കും എന്ന്, കുടുംബക്കാരെ അറിയാവുന്ന എതെങ്കിലും നാട്ടുരുടെ “ കടുത്ത ഭീക്ഷണി ” പ്രയോഗത്തിൽ അല്ലാതെ അത് അവസാനിക്കാറില്ല.

അയ്യോ.........ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇതൊന്നും അല്ല, പരത്തിപറഞ്ഞ് ആളുകളെ എന്റെ ഈ പോസ്റ്റിലേക്ക് ആകർഷിക്കുക എന്ന ഒരു “കുതന്ത്രം” മാത്രമാണ് ഞാൻ ചെയ്തത്.

നീണ്ട അഭ്യർഥനകൾക്ക് ഒടുവിൽ എനിക്ക് തറവാട്ടിലേക്ക് പോകാൻ അനുവാദം ലഭിക്കുന്നു. ഞാൻ “ഡീസന്റ് ”ആയി നല്ലവഴി തന്നെ തറവാട്ടിൽ എത്തുന്നു. പക്ഷെ.........അവിടെ എല്ലാവരും ഏതോ കല്യാണത്തിന് പോയികഴിഞ്ഞിരുന്നു. എന്റെ “ഉഗ്രപതാപി ആയ” വില്ലേജ് ഓഫീസർ അപ്പച്ചൻ ഒഴിച്ചാൽ. “എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് “എന്ന അവസ്ഥയിൽ ഞാൻ അവിടെ.
തിരികെ പോകാൻ പലവട്ടം ഞാൻ അനുവാ‍ദം ചേദിച്ചു, വെയിൽ കുറഞ്ഞ് ഊണ് കഴിഞ്ഞ് പോയാൽ മതി എന്ന ശാസനയിൽ ഞാൻ അടങ്ങി.

പിന്നീട് എന്റെ, അതെന്താ, ഇതെന്താ, ചോദ്യങ്ങൾ സഹിക്കാൻ പാടില്ലാഞ്ഞ് ആകണം, എനിക്ക് തൊടിയിലേക്ക് പോകാൻ അപ്പച്ചൻ അനുവാദം തരുന്നു.

പേരമരത്തിൽനിന്ന്, ചാമ്പമരത്തിലേക്ക്, അവിടുന്ന് മൂവാണ്ടൻമാവിലേക്ക്, പന്നീട് സപ്പോർട്ട മരത്തിലേക്ക് എന്ന് ക്രമത്തിൽ ചാടി കളിച്ച് ഇരുന്ന ഞാൻ “ നെല്ലിമരകൊമ്പിൽ ” ഇരിക്കുമ്പേൾ ആണ് അപ്പച്ചന്റെ “ശിങ്കിടി” വിക്രമൻ ചില വലിയ പൊതികളുമായി വീട്ടിലേക്ക് പോകുന്നത് കണ്ടത്.

അപ്പച്ചന്റെ നീട്ടി വിളികേട്ട് ഞാൻ നെല്ലിമരത്തിൽ നിന്ന്താഴേക്ക്..... ഞങ്ങൾക്ക് ഊണ് വിളമ്പിയിട്ട് വിക്രമൻ പോകുന്നു. ഈ സമയംഎല്ലാം “ സുഖകരമായ ഒരു സുഗന്ധം” അവിടെ അലതല്ലുന്നുണ്ടായിരുന്നു.

ഊണിന് ശേഷം ഉള്ള പതിവ് ഉറക്കത്തിനായ് “ അപ്പച്ചൻ ” പോകുന്നു. എന്നോട് സ്വീകരണമുറിയിൽ കിടന്ന് വിശ്രമിക്കാനും പറഞ്ഞു.

ഞാൻ ആകാശവാണിയുടെ “ ചലചിത്രഗാനം” പരിപാടി കേട്ട് ഇങ്ങനെ കിടക്കുന്നു. പാട്ടിന്റെ ഒച്ചയ്ക്കും മുകളിലായ് “ സുഖകരമായ സുഗന്ധം ” വീണ്ടും അവിടെ ഫാനിന്റെ ഗതിമാറ്റത്തിനനുസരിച്ച് ഏറിയും,കുറഞ്ഞും, എന്നെ പെറുതിമുട്ടിച്ചു. ഇനിവയ്യാ............!

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനേ പറ്റിയില്ല........ കട്ടിലിനടിയിൽ ഒരു ബോക്സിലായി നിരന്ന് ഇരിക്കുന്ന കുറെ “പ്ലം കേക്കുകൾ ”. ഇതാണോ ഇത്ര വലിയ കാര്യം..........ഞാൻ ചെറുതായി ഉറക്കം പിടിച്ചോ എന്ന് ഒരു സംശയം? പക്ഷെ ആ ഉറക്കത്തിലും “ഞാൻ ഒരു പൂച്ച ”കട്ടിലിനടിയിലേക്ക് പലപ്രാവിശ്യം കയറി-ഇറങ്ങുന്നതായി സ്വപ്നം കാണുന്നു.

നേരം നാലുമണി കഴിഞ്ഞു.....ഞാൻ വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചുകഴിഞ്ഞു......അപ്പോൾ അപ്പച്ചൻ എന്നോട് കട്ടിലിനടിയിൽ ഒരു ബോക്സ് ഉണ്ടെന്നും, അതെടുക്കാനും ആവശ്യപ്പെടുന്നു.

അത് ഞാൻ അപ്പച്ചന്റെ ചാരുകസേരക്കരികിലായി നീക്കി വച്ച്കൊടുക്കുന്നു.............!ബോക്സിന്റെ ഒരരികിലേക്ക് അപ്പച്ചൻ ഒരോരുത്തരുടെ പേര് പറഞ്ഞ് കേക്കുകൾ മാറ്റിവയ്ക്കുന്നു, ഇതിനിടയിൽ പെട്ടെന്ന് അപ്പച്ചൻ “ അസ്വഭാവിക ഷെയ്പ് ” ഉള്ള ഒരു കേക്കുമായി നിവരുന്നു. എന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്നു. ..........???

“ അപ്പച്ചാ....ഒരു സംശയവും വേണ്ട.............ഇത് “ പൂച്ച ” തിന്നത് തന്നെ............! അപ്പച്ചൻ എന്നോട് ഒന്നും ചേദിച്ചില്ല എന്നാലും പറയണ്ടേ ഒരു കടമ എനിക്ക് ഇല്ലേ?

പോകാൻനേരം അപ്പച്ചൻ ഒരു കവർ എടുത്ത് ഒരു കേക്ക് അതിലേക്ക് വയ്ക്കുന്നു. പുറകെ
“ അസ്വഭാവിക ഷെയ്പ് ” ഉള്ള ആ കേക്കും.

എന്നിട്ട് ഇത്രയും കൂടി പറഞ്ഞു............“പൂച്ച ” തിന്ന............! കേക്ക് .......... ഈ എനിക്ക് മാത്രം ഉള്ളതാണ് എന്ന്.

ഇന്നും അതിലെ “ലോജിക്ക് ” എനിക്ക് അത്ര പിടികിട്ടിയിട്ടില്ല! പൂച്ച കൾ ഉണ്ടാക്കുന്ന ഓരോരൊ..........വിനകളേ..............!
********************************************

2009, ഓഗസ്റ്റ് 9, ഞായറാഴ്‌ച

“സംഭവകഥ”

പുതിയ പോസ്റ്റ് എന്തായിരിക്കണം..........അതായിരുന്നു കഴിഞ്ഞ ആഴ്ച മുഴുവനും ഉള്ള എന്റെ ചിന്ത?
യാത്രാവിവരണം?(അതിനു അടുത്തകാലത്തെങ്ങും ഒരു വിദൂര സാധ്യത പോലും ഞാൻ ദർശിക്കുന്നില്ല) “കഥ?” ( അഭിപ്രായം അർഹിക്കുന്നില്ല) ,നാടകം? (എന്റെ അമ്മേ........അന്തരംഗത്തിന്റെ നിലവിളി ആണ് നിങ്ങൾ കേട്ടത്) പിന്നെ എന്ത് കുന്തം എഴുതും?
ചുമ്മാതെ അല്ലാ........സാഹിത്യകാരന്മാർ “ അന്തർമുഖരാണ് എന്ന് ജനം പറയുന്നത്.ഇ ആലോചനയും എഴുത്തും അവരെ അങ്ങനെ ആക്കിയിയില്ലെങ്കിലേ അൽഭുതം ഉള്ളു.(എന്തോ എനിക്ക് തന്നെ എന്നോട് ഒരു മതിപ്പ്,ജനം എന്തും പറഞ്ഞ് കൊള്ളട്ടെ......ഞാനും വിശ്വസാഹിത്യകാർക്ക് ഒപ്പം..............ഹ ഹഹ.........( അന്തരംഗതിന്റെ അട്ടഹാസം ആണ് നിങ്ങൾ കേട്ടത്.)
മേൽ‌പ്പറഞ്ഞ ഒരു വിവരണത്തിനും തൽക്കാലം എന്റെ ആലേചനയെ ഒന്ന് സ്പർശിക്കാൻ കൂടി കഴിയത്തതിനാൽ, ഇനി എന്റെ മുന്നിൽ ഉള്ള ഏക പോംവഴി “ ഒരു സംഭവ കഥ” വിവരിക്കൽ മാത്രം ആണ്.
********************************************
സംഭവസ്ഥലം - നിയമവിദ്യാലയം( എർണാകുളം).
ഏകദേശം ഒരു ഉച്ച സമയം, തിരുകൊച്ചി നിയമസഭ പണ്ട്കൂടിയ അതേ സ്ഥലം ആണ് അവസാനവർഷ നിയമ വിദ്യർഥികളായ ഞങ്ങളുടെ ക്ലാസ് മുറി. അവിടെ ഹാജർ കുറഞ്ഞ “നിയമസഭ” പോലെ അവിടെ ഇവിടെ ആയി കുട്ടികൾ ഉച്ചഭക്ഷണത്തിനായ് വട്ടംകൂടുന്നു.
ഞാനും എന്റെ ഹോസറ്റൽ പൊതിപാത്രം തിരയുന്നു..........
അപ്പോൾ നിറഞ്ഞ ചിരിയോടെ ശ്രീമാൻ ഫൈസൽ ക്ലാസിലെ “ ഡയസിൽ ” മൂന്ന് വട്ടം മുട്ടികൊണ്ട് ഒരു പ്രസ്ഥാവന നടത്തി............
“സുഹ്യത്തുക്കളെ..................നമ്മുടെ അയലത്തെ “യാത്രാ ഓഡിറ്റോറിയത്തിൽ ഇന്ന് കല്യാണ സദ്യ ഉണ്ടായിരിക്കുന്നതാണ്. വരാൻ താല്പര്യം ഉള്ളവർക്ക് അതിനായ് ഒരുക്കങ്ങൾ ആ‍രംഭിക്കാവുന്നതാണ്“.
ഈ കലാപരിപാടി ഇടക്കിടക്ക് അരങ്ങേറുന്നതിനാൽ അത്ര ശ്രദ്ധ കൊടുക്കാൻ പോയില്ല.
ഞാൻ എന്റെ പ്രിയ ഭക്ഷണമായ കടലക്കറിയിൽ കുതിർന്ന ഉപ്പുമാവിൻ പാത്രം തുറക്കാൻ തുടങ്ങിയതും, കഷ്ടകാലം എന്റെ മുന്നിലേക്ക് പ്രിയ സുഹ്രുത്ത് “ഷൈമ” യുടെ രൂപത്തിൽ അവതരിച്ചത്.
സദ്യ കഴിച്ചിട്ട് കാലം കുറെ ആയി എന്നും, ഞാനും കൂടെ ചെല്ലണമെന്നും.“ ഒടുക്കത്തെ നിർബന്ധം”. (പലതും പറഞ്ഞ് ഒഴിയാൻ നോക്കീട്ടും രക്ഷ ഇല്ലാതെആയി, അവൾ എന്റെ പ്രിയ ഭക്ഷണം അതിനിടെ കുറച്ച് അകത്താക്കുകയും, ബാക്കി ദാനം നൽകുകയും ചെയ്ത് കഴിഞ്ഞിരുന്നു).
ഇതിനിടെ സദ്യക്കുള്ള് ഒരു “ബാച്ച്” യാത്രയായികഴിഞ്ഞിരുന്നു. അടുത്ത “ബാച്ച് ” ആയി ഈ ഹതഭാഗ്യയും, പ്രിയസുഹൃത്തും, ഫൈസലുംകൂടി യാത്രതിരിക്കുന്നു. യാത്ര എന്നുപറയാനും മാത്രം ദൂരം ഇല്ല കേട്ടോ. (ചാടികടക്കാൻ പാകത്തിൽ ഒരു മതിൽ മാത്രം).
വളരെ “ഡീസെന്റ് ” ആയി , അലങ്കരിച്ച കല്യാണ കമാനം കടന്ന് ഞങ്ങൾ വിവാഹ ഹാളിൽ പ്രവേശിച്ചു, കസേരകളിൽ ഉപവിഷ്ടരാകുന്നു.
“ സുരേഷ് Weds ശ്രീകല ” - മാലയിടലും, താലികെട്ടും ഒക്കെ കഴിഞ്ഞു. വരന് സമ്മാനം കൊടുക്കാൻ ഉള്ളവർക്കും, ഫോട്ടൊ എടുക്കാൻ ഉള്ള വർക്കും സ്റ്റേജിലേക്ക് എത്താം. തൊട്ട് അടുത്തിരുന്ന അമ്മച്ചി ഞങ്ങളെ നിർബന്ധിക്കാൻ തുടങ്ങി.
“ചെല്ല് മക്കളേ........നാണിക്കാതെ....“.( എന്റെ പൊന്ന് അമ്മച്ചി, നാണമില്ലാത്തത് കൊണ്ടല്ലെ ഇവിടെ -എന്ന് ആത്മഗതം നടത്താൻ അല്ലെ പറ്റു.) അവിടുന്നു ഒന്ന് രക്ഷപെട്ട പെടാപ്പാട് ഞങ്ങൾക്കേഅറിയു.
ഇനിയാണ് സദ്യവെട്ടം, നല്ല ഇരിപ്പിടം തന്നെ കിട്ടി, സദ്യയും തുടങ്ങി, ഒന്നാം വട്ട ചോറ് വിളമ്പൽ നടക്കുന്നു.........( മനസ്സാ ഞാൻ സുഹൃത്തിനോട് നന്ദി പറയുന്നു, രുചികരമായ സദ്യക്ക്.)
എല്ലാം തവിട് പൊടി ആയത് വെറും മിനിറ്റുകൾക്കുള്ളിൽ ആണ്. കുറെനേരം ആയി ഊണിനിടയിൽ സുഹൃത്ത് “ഫൈസൽ” അരികിൽ ഇരിക്കുന്ന “അമ്മാവനുമായി” കത്തി വയ്ക്കുന്നത് കേൾക്കാമായിരുന്നു. ഊണിനിടയിൽ അതൊക്കെ കേൾക്കാൻ എവിടെ സമയം.(കേൾക്കാതിരുന്നതും എത്രനന്നായി, അല്ലെങ്കിൽ അദ്യം തന്നെ ഊണ് അവസാനിപ്പിക്കേണ്ടിവന്നേനെ.)
അവസാനഭാഗം ഇങ്ങനെ........................
ചൂട് പ്രഥമൻ..........വരിയുടെ അങ്ങേതലക്കൽ എത്തി........... ഇനി ഇലയുടെ അടുത്ത് എത്താൻ നിമിഷങ്ങൾ മാത്രം.
“ശവപ്പെട്ടിയിൽ അവസാന ആണിയും ഫൈസൽ അടിച്ച് കഴിഞ്ഞിരിക്കുന്നു..................
അത് നിങ്ങൾക്ക് ഇങ്ങനെ വായിക്കാം.
“ സുരേഷമായുള്ള ഡിഗ്രി പഠനകാലം ഒക്കെ മഹാരാജാസ് കോളേജിൽ വച്ച് എന്തരസം ആയിരുന്നു”
പിന്നെ കേട്ടത് ഇങ്ങനെ..............
“എടാ കൊച്ചനേ...ഞാൻ അവന്റെ ചെറിയച്ഛനാ...അവൻ പത്താംതരം പാസ്സായിട്ടില്ല. അവന് ആശാരിപ്പണി ആണ് തൊഴിൽ. കോളേജിന്റെ പടി കണ്ടിട്ടില്ല. വെറുതെ കിട്ടുന്നത് കഴിച്ചിട്ട് പോയാൽ പോരേ......................"
പ്രഥമൻ അടുത്ത് എത്തി .....................പിന്നെ ഒന്നും എനിക്ക് ഓർമ്മയില്ല.........
*******ശുഭം******

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

സമര്‍പ്പണം

മലയാള ബ്ലോഗിലെ ഒരു വമ്പന്‍ (വങ്കന്‍ എന്നു വായിക്കാതിരിക്കാന്‍ അപേക്ഷ) നമ്മുടെ സഹപ്രവര്‍ത്തകന്‍ ആയി “പുതുതായി ” വന്നുചേര്‍ന്നു എന്നും, ഒന്ന് പരിചയപെടുന്നതില്‍ വിരോധം ഉണ്ടാകില്ലല്ലോ എന്ന് പറഞ്ഞ് എന്നെ വിളിച്ചതും- എന്റെ മറ്റൊരു സഹപ്രവര്‍ത്തകന്‍ .

അങ്ങനെ “ വമ്പനെ പരിചയപെടുന്നു” . ആല്ലറ ചില്ലറ പാചകങ്ങളുമായി പാശ്ചാത്യ ബ്ലോഗ് മേഖലയില്‍ ‍കുരുങ്ങി കിടന്ന എന്നെ മലയാള ബ്ലോഗ് എന്നാല്‍,വെറുമൊരു പാചക മേഖല മാത്രം അല്ലെന്നും,അത് വമ്പന്‍ സ്രാവുകളുടെ ഒരു വന്‍ കടലാണെന്നും (സ്രാവുകളുടെ പേരുകള്‍ ഇങ്ങനെ വായിക്കം...കുറുമാന്‍, നിരക്ഷരന്‍‍, മാണിക്യം,.........) എന്നെ പോലെയുള്ളവര്‍ക്കും അതില്‍ ചെറുമീനായി വിലസാം എന്ന് പറഞ്ഞ് എന്നെ ഈ സാഹസത്തിന് പ്രേരിപ്പിച്ച ‘ അ വമ്പന്‍ പൊറാടത്തിന് ‘ഈ ബ്ലോഗിന് ഭാവിയില്‍ വന്നു ചേരുന്ന “അതി-പ്രശസ്തിയിലും”+ അഭിനന്ദന പ്രവാഹങ്ങളിലും” യാതൊരു അവകാശവാദത്തിനും സ്ഥാനം ഉണ്ടായിരിയ്ക്കുന്നതല്ല എന്നും മറിച്ച്, എന്റെ ഭാവി രചനകള്‍ വഴി നാട്ടുകാര്‍ക്ക് വന്നുചേര്‍ന്നേക്കാവുന്ന “അത്യന്താപത്തുകള്‍ക്കും + കഷ്ടനഷ്ടങ്ങള്‍ക്കും” ഉത്തരവാദി പൊറാടത്ത് മാത്രമായിരിക്കും എന്ന് ഇതിനാല്‍ ബോദ്ധ്യപ്പെടുത്തികൊള്ളുന്നു.

ഇനിയാണ് പൊറാടത്ത് എന്നോട് ചെയ്ത യഥാര്‍ത്ഥ ചതിയെ പറ്റി നിങ്ങള്‍ അറിയേണ്ടത് ................???

എഴുതിയാല്‍ മാത്രം പോരാ, നര്‍മ്മത്തില്‍ചാലിച്ച രചനകള്‍‍ക്കാണ് ബ്ലോഗില്‍ ഡിമാന്‍ഡ് എന്നും പറയാതെ പറഞ്ഞു. ( ഉദാഹരണമായി പൊറാ‍ടത്തിന്റ തന്നെ -‘മാക്രി ഉലര്‍ത്ത് ” നര്‍മ്മത്തിന്റെ ഒരു ഉദാത്ത ക്ലാസിക്ക് ആണെന്നും അത് ആവര്‍ത്തിച്ച് വായിക്കാനും ആവിശ്യപ്പെട്ടു. വെളിപ്പെടുത്താത്ത ചില വിവരങ്ങള്‍ കൂടി ഇതാ........പൊറാടത്തിന്റെ ഭാര്യ ഉണ്ടാക്കിയ ഞണ്ട് കറിയുടെ ഒരു പുനരാവിഷ്കരണം മാത്രമായിരുന്നു “ആപോസ്റ്റ് ” എന്ന് വമ്പന്‍ സ്രാവുകള്‍ വായിച്ച് അറിയാന്‍ അപേക്ഷ....


വിവാഹത്തിന് മുമ്പ് വരെ............ ( ക്ലാ ക്ലാ ക്ലാ ക്ലി ക്ലു ക്ലു ക്ലു.................ഇമ്മട്ടിലുള്ള രചനകള്‍ ഞാന്‍ നടത്തുമായിരുന്നു എന്നതു ഒഴിച്ചാല്‍, വിവാഹശേഷം അതും പാടെ കൂമ്പ് അടഞ്ഞു എന്ന് ബൂലോ‍കര്‍ അറിയണം- പ്രിയ ഭര്‍ത്താവേ.., ചിലസത്യങ്ങള്‍ പറയാതെ വയ്യാ...)

പൊറാടത്ത് ചെയ്ത ഈ വന്‍ചതി വീട്ടിലും ചില ഭൂകമ്പള്‍ക്ക് ഇടവരുത്തി. തല ഒരു വശത്തേക്ക് ചരിച്ചും, ഉയര്‍ത്തിയുംഉള്ള എന്റെ ഈ നടപ്പും, കിടപ്പും, മൌനവും എല്ലാം കൂടി ആയപ്പോള്‍.........ഭര്‍ത്താവിനും “അ”ക്ഷമ കെട്ടു എന്നു വേണം കരുതാന്‍ .
( ഒരു വഴിയുമില്ലാതെ ഭാവനയുടെ ലോകത്ത് നര്‍മ്മത്തില്‍ ചാലിച്ച കഥ ‘ മെനക്കെട്ട് ’ മെനഞ്ഞ് കൊണ്ടിരിക്കുന്ന എന്റെ കാര്യം വിശപ്പിന്റെ വിളി അധികരിച്ച് ഇരിക്കുന്ന പാവം എന്റെ ഭര്‍ത്താവിനു അറിയില്ലല്ലൊ!.)

ഇനി വയ്യ...റിസ്ക്ക് എടുത്തുള്ള ഒരു കൊമ്പ്രമൈസിനും ഞാന്‍ തയ്യാര്‍ അല്ലാത്തതിനാലും, ഭാവന.................ഇങ്ങനെ അന്തമില്ലാതെ നീളുന്നതിനാലും , ഈ സാഹസം ഞാന്‍ ഇതിനാല്‍ അവസാനിപ്പിച്ച് കൊള്ളുന്നു.

എന്നാലും, പൊറാ‍ടത്തിന്റെ ഈ ചതിക്ക്, പണ്ട് പണ്ട് പണ്ട് ..........ഞാന്‍ കുത്തിക്കുറിച്ച ചില ക്ലാ ക്ലാക്ലി... എങ്കിലും വായിച്ച് നിങ്ങള്‍ പ്രതികാരം ചെയ്യണം എന്ന് ഞാന്‍ വാശിപിടിക്കുന്നു. അധികം വൈകാതെ അത് പ്രതീക്ഷിയ്ക്കാം... ജാഗ്രതൈ...