2010, ജനുവരി 19, ചൊവ്വാഴ്ച

“എസ്. ഐ പരീക്ഷയും - ഗുരുവായൂർ ബോംബും“

എത്ര ഉദാത്തമായ ഒരു തലകെട്ട്അല്ലേ? “എസ്. ഐ പരീക്ഷയും - ഗുരുവായൂർ ബോംബും

സംഭവം നടക്കുന്നത് വർഷം “രണ്ടായിരത്തിരണ്ടാമാണ്ട്” - തീയതി -ഓർമ്മയില്ല. അല്ലെങ്കിലും ഒരു തീയതിക്ക് എന്ത് പ്രസക്തി അല്ലേ?കോളേജ് കഴിഞ്ഞ് വരുന്ന ഒരു നാലുമണിനേരം മൊബൈലിലേക്ക് ഒരു കോൾ ,പി.എസ്.സി പരീക്ഷയുടെ “ഹോൾ ടിക്കറ്റ്‌" തപാലിൽ വന്നുഎന്നും ഉടൻ തന്നെ ഞാൻ എറണാകുളത്ത് നിന്ന് വീട്ടിലെത്തി ഇത്യാദി കൈപറ്റണം എന്നും പപ്പയുടെ അറിയിപ്പ്.

പി.എസ്.സി പരീക്ഷകൾ എന്ന പേരിൽ ,സ്റ്റാമ്പ്,കവർ, അപേക്ഷ ഫോം എന്നിവക്കായി“കണക്കിൽകവിഞ്ഞ് ആഴ്ചകൾ തോറും പണം കൈപറ്റുന്നതിനാൽ, പരീക്ഷ എഴുതാൻതാല്പര്യം ഇല്ല എന്ന് ഒറ്റയടിക്ക് അങ്ങനെ പറയാൻ തോന്നിയില്ല, ഭാവിയിൽ അതുവഴി പിന്നെ ആവകയിൽ ഒന്നും തടയില്ലഎന്ന വാസ്തവം എന്നെ തുറിച്ച്നോക്കിയതിനാൽ വരാം പപ്പാഎന്ന് വളരെ വിനയത്തോടെ ഞാൻ മൊഴിഞ്ഞു.

വീട്ടിൽ എത്തി ചോറും മീനും ഒക്കെ ആക്രാന്തത്തിൽ വെട്ടിവിഴുങ്ങികഴിഞ്ഞിട്ടും, “ഹോൾ ടിക്കറ്റ്‌" കാണാൻ എന്നിൽ ഒരു “ആക്രാന്തവും”കാണഞ്ഞതിനാൽ ആ ക്യത്യവും പപ്പതന്നെ എറ്റെടുത്തു.അലസമായി “ഹോൾ ടിക്കറ്റിന്റെ വരികൾക്കിടയിലൂടെ വായന തുടങ്ങിയ ഞാൻ പരീക്ഷതലക്കെട്ട് കണ്ട് അതിശക്തമായി ഒന്ന് ഞെട്ടി -

“വനിതാ എസ്. ഐ പരീക്ഷ ” .

ആ നിമിഷം മുതൽ ഞാൻ ആള് ആകെ മാറി,പൊടിപിടിച്ച്,മാറാലകയറികിടന്ന പി.എസ്.സിപരീക്ഷയുടെ സകലമാന പുസ്തകങ്ങളും തപ്പിപിടിച്ച് എടുത്ത് “ ഉഗാണ്ടയുടെ തലസ്ഥാനം മുതൽ,D.D.T യുടെ പൂർണ്ണരൂപം വരെ” കാ‍ണാപാഠം പഠിക്കാൻ തുടങ്ങി.

ഹോസ്റ്റലിൽ നിന്ന് മാസങ്ങളിലും,ആഴ്ചകളിലും ഒക്കെവന്ന് പോകുന്നഎന്നെ സൽക്കരിക്കാൻ തുടങ്ങിയ മമ്മിയും ആകെ അന്തംവിട്ടു ആറ്- ഏഴ് പൂരിയുംഅതിന്റെ കൂടെ ചിക്കൻ കറിയും യാതൊരു “വിമ്മിഷ്ടം” ഇല്ലാതെവെട്ടിവിഴുങ്ങുന്ന ഞാൻ , അത്താഴം രണ്ട് പൂരിയിലും,വെറും ചിക്കൻ ചാറിലും ഒതുങ്ങിയപ്പോൾ.


മമ്മിക്ക് എന്ത് അറിയാം..? ഒരു വനിതാ എസ്. ഐ അങ്ങനെ വാരിവലിച്ച് കഴിക്കാൻപാടുണ്ടോ?കുതിര സവാരി ട്രെയിനിങ്ങിന് ഒക്കെ നടത്തുമ്പോൾ ആ പാവം കുതിരയുടെകാര്യമെങ്കിലും ഞാൻ ഒന്ന് മിനിമം ഓർക്കേണ്ടതല്ലേ? കൂടാതെ ടി.വി യിൽ ഒക്കെ“കിരൺ‌ ബേദി” ഇങ്ങനെ ചെത്തി നടക്കുമ്പോൾ നമ്മളും ഒട്ടും മോശമാകാൻപാടില്ലല്ലോ?


ഐ. എ.എസ് പരീക്ഷയുടെ വെറും പ്രിലിമിനറി എഴുതി കുറെ കാലം “ കളക്ടർകുപ്പായം” സ്വപ്നം കണ്ടുനടന്നതൊക്കെ ഇനി പഴംകഥ. I.P.S , I.A.S ഒക്കെഎടുക്കാൻ “ മുസോറി” യിൽ പോയി മഞ്ഞ് കൊള്ളേണ്ട വല്ലകാര്യവും ഉണ്ടോ?എസ് .ഐ, സി.ഐ, ഡി.വൈ.എസ് .പി, പിന്നെ എസ് .പി അങ്ങനെ മൂത്ത് വരുന്നതല്ലേഅതിന്റെ ഒരു ഇത്?അല്ലെങ്കിലും ഒരു കാര്യം നടക്കാൻ , നടക്കേണ്ടത് “സ്വപ്നം ”കണ്ടാൽമതിയെന്നല്ലേ പ്രമാണം. അപ്പോ പിന്നെ ഞാനായിട്ട് എന്തിന് കുറയക്കണം.പിന്നീടുള്ള ദിവസങ്ങൾ ....ആഹാ ആ സ്വപ്നങ്ങൾ ........ ഒരു പോലീസ് ജീപ്പ് വീടിന്റെ മുറ്റത്ത് പലപ്പോഴായി ഇരച്ച വന്ന് നിൽക്കുന്നു,പോകുന്നു.യൂണീഫോമിൽ എന്നെ കാണാ‍ൻ എന്താ ഒരു ഭംഗി.

അതൊക്കെ അവിടെ നിൽക്കട്ടെ.പുരുഷകേസരികള്‍ സദയം ക്ഷമിക്കണം,33% വനിതാസംവരണ നിയമം അങ്ങനെ പെട്ടെന്ന്ഒന്നും നടപ്പാക്കാൻ നമ്മുടെ " ദുര-അഭിമാനികളായ" പുരുഷവർഗ്ഗം സമ്മതിക്കുംഎന്ന് ആരും സ്വപ്നം കാണേണ്ടതില്ല. വിഷയത്തിൽ നിന്ന് തെന്നിമാറിയതല്ല, ദാഅവിടേക്ക്‌ തന്നെ എത്തി.ഇപ്പോഴും ഒരു സ്ത്രീയെ മേലുദ്യോഗസ്ഥ ആയി കാണാൻ , അംഗീകരിക്കാൻ നമ്മുടെ പുരുഷന് എത്രകണ്ട് മടിയാണ് എന്നത് കൊണ്ടാണല്ലൊ………
പാർലമെന്റിൽ “വനിതാസംവരണനിയമം“ ഒരു ഗതിയും പരഗതിയും ഇല്ലാതെ ഇങ്ങനെ വലിഞ്ഞ് ഇഴഞ്ഞ് അഡ്രെസ്സ്ഇല്ലാതെ കിടക്കുന്നത്.

ഇനി നടന്നത്, നടത്തിയ നാടകം വെറുതെ ഒരു തമാശക്ക് ആയിരുന്നുഎങ്കിലും,പുരുഷകേസരി അതിനെ “ Do or Die"എന്നരീതിയിൽഎടുത്തതൊടെ.........പിന്നെ തുടങ്ങിയില്ലേ പൂരം

രംഗം-ഒന്ന്

പടർന്ന് പന്തലിച്ച് നിൽക്കുന്ന “അപരാധി“ മരച്ചുവട്ടിൽ അവസാന പിരീഡ്ക്ലാസില്ലാതെ ഇങ്ങനെ സൊറപറഞ്ഞ് ഇരിക്കുമ്പോൾ (സഹൃദയർ സദയം ക്ഷമിക്കണം, ആമരത്തിനു ഈ പേര് എങ്ങനെ, എപ്പോൾ, വന്നു എന്ന് എനിക്കറിയില്ല.നിയമവിദ്യാർഥികൾക്ക് തലമുറകളായി കൈ മാറികിട്ടിയതും, അതങ്ങനെ തന്നെ നിർബാധംതുടരുന്നതായും മാത്രമെ ഈയുള്ളവൾക്ക് അറിയുകയുള്ളു എന്ന് ഞാൻ ആണയിടുന്നു.)കോളജിന്റെ മെയിൻ ഗേറ്റ് വഴി എതൊരാളുടെയും ശ്രദ്ധ ( മനപൂർവ്വം)ആകർഷിക്കത്തക്കവിധം,കുടു,കുടു,കുടു ശബ്ദം ഉണ്ടാക്കി, “പോലീസ് എന്ന്ചുമപ്പക്ഷരത്തിൽ എഴുതിയ ഒരു എൻഫീൽഡ്” ഒരു സർക്കസഭ്യാസിയെപോലെ കുറച്ച്മാറിപാർക്കിങ് ഏരിയായിൽ വന്നു സ്റ്റാൻഡ് ഇട്ടു.

ടിയാൻ ഈവിനിങ്ങ് ക്ലാസിന് വന്ന ഉദ്യോഗസ്ഥ വിദ്യാർത്ഥി ആയ ഒരു യുവപോലീസ് എമാനും, പോലീസ് ഡിപാർട്ട്മെന്റിൽ കോൺസറ്റബിൾ ഉദ്യോഗം വഹിക്കുന്നശ്രീമാനും കുടിആയിരുന്നു.

രംഗം-രണ്ട്

പോലീസ് എമാന് ക്ലാസ് തുടങ്ങാൻ ഇനിയും സമയം ഉള്ളതുകൊണ്ട് അതാ ഏമാൻ നേരേ ഞങ്ങളുടെ "സൊറ കൂട്ടത്തിനരികിലേക്ക്".പെട്ടന്ന് എന്റെ സുഹൃത്തിന് ഒരു ഉൾവിളി,നമുക്ക് എമാനേ ഒന്ന്പറ്റിച്ചാലോ? ഇവളുടെ S.I തസ്തിക വച്ച്. ഒന്നും പ്ലാൻ ചെയ്യ്തല്ലാഎന്ന് കൂടി നിങ്ങൾ അറിയണം. എമാൻ അടുത്ത് എത്തിയതും, ആഉള്ളവനെ കണ്ടില്ലാ എന്നമട്ടിൽ, ഈയുള്ളവളെ അഭിനന്ദന പ്രവാഹത്തിൽ മൂടി.
ഷേർളി- കൺഗ്രാജുലേഷൻസ്.........എങ്ങനെ ഒപ്പിച്ചു?
നീ എന്നാ ജോയിൻ ചെയ്യുന്നേ?
എടി നിന്റെ സമയം....!!!!!അപ്പോൾ നീ ഇനി റെഗുലർ കോഴ്സ് ചെയ്യുന്നില്ലേ?
നിങ്ങൾക്ക് ട്രെയിനിങ്ങ് എന്നാതുടങ്ങുന്നത്?
പോസ്റ്റിങ്ങ് എവിടെ ആണ് എന്ന് അറിയാമോ?ഇങ്ങനെ പോയി അന്വേഷണങ്ങൾ.

രംഗം-മൂന്ന്

എന്താ.............വിശേഷം? ഷേർളി നിനക്ക് ജോലി കിട്ടിയൊ?എമാൻ അപ്പോൾ എല്ലാം കേട്ടു, ഇതാ ഗോദായിലേക്ക് എടുത്ത് ചാടികഴിഞിരിക്കുന്നു.ഉം.....കിട്ടി എന്ന് ഞാനും( ഇങ്ങനെ ഒരു നുണ പറഞ്ഞിതിന് ദൈവം എനിക്ക് തന്ന ശിക്ഷ ഞാൻ ആരോടും ഇതുവരെ വെളുപ്പെടുത്തിയിട്ടില്ലാ എന്ന പരമാർത്ഥം ഇതാ ഞാൻ വെളിപ്പെടുത്തുന്നു.).
എവിടാ ജോലി? എമാൻ വീണ്ടും!!!!!!!!!!!
സൊറ കൂട്ടം പിന്നെ എല്ലാം കാര്യങ്ങളും എറ്റെടുത്തു.ആശാനേ നിങ്ങളുടെ കാര്യം എതാണ്ട് പോക്കാ.........!!!എന്റെ കാര്യം പോക്കാണന്നോ? എന്താകാര്യം?ഏഡ് ഏമാനേ...........അവൾക്ക് S.I സെലക്ഷൻ കിട്ടി.
!!!!!!!ങേ................. ശബ്ദത്തോടെ ഉള്ള ഒരു നീണ്ട,ആദ്യ പ്രതികരണം.

പിന്നെ എന്റെ ഇശ്വരാ...............എന്തായിരുന്നു ഒരു പുകില്.....ആശാനേ........നിങ്ങൾ ഈ ചടാക്ക് വണ്ടിയിൽ ഒക്കെ വരുമ്പേൾ ,ഇവൾ ജീപ്പിലൊക്കെ ചെത്തിനടക്കുന്നത് ഒന്ന് ആലോചിച്ച് നോക്കിയേ!!!!!!!അവൾക്ക് പോസ്റ്റിങ്ങ് “ എറണാകുളം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ആണ്. അപ്പൊഇനി പാറാവ് ഇവളുടെ ഓഫീസിന് മുൻപിൽ അല്ലെ????? അല്ലെ????? അല്ലെ????? പ്രതിധ്വനികൾ മുഴങ്ങിയൊ???

ഉം.....അതിന് വേറെ ആള് നോക്കണം, എന്നായി എമാൻ.അതിന് വേറെ ആള് എന്തിന് നോക്കണം? S.I പറഞ്ഞാൽ എത് പോലീസും നിൽക്കും..........അപ്പൊ നീ ചായഒക്കെ വാങ്ങിപ്പിക്കുമോ?മുടകാണിക്കാതെ ഒക്കെ നിന്നാൽ,ഏഡ് ഏമാന് ചിലപ്പോൾ ഒരു പരിഗണന നൽകിയെന്ന്ഇരിക്കും അല്ലേടി ഷേർളി????നോക്കാം എന്നായി ഞാൻ.

അവസാന രംഗം

പോലീസ് എമാന്റെ മുഖം വിവർണ്ണമാകുന്നു.,വലിഞ്ഞ് മുറുകുന്നു,അപാരമായി വിറയ്ക്കുന്നു, പിന്നീട് ഒരു ഉഗ്രശപഥം “”“”‘ഇവൾ ചാർജ്ജ് എടുക്കുന്ന ദിവസം ഞാൻ രാജിവച്ചിരിക്കും ഇത് സത്യം സത്യം സത്യം“”“"
അല്ല മാഷേ അത്!!!!ഒന്ന് പറയട്ടെ എന്നായി ഞാൻ.........പിന്നെ അതിവേഗതയിൽ തിരിഞ്ഞ് പോലും ഒന്ന് നോക്കാതെ........കുടു,കുടു,കുടുസ്റ്റാർട്ട് ചെയ്യത് കോളജിന്റെ പുറത്തേക്ക്.
***********************

( ഇത് S.Iപരീക്ഷക്ക് മുമ്പ് ഉള്ള ഒരു അനുബന്ധം)ഇനി ഗുരുവായൂരിലേക്ക്!!!!!!!കുറച്ച് കഷടപ്പെട്ടു എങ്കിലും 10 മണീയോടെ പരിക്ഷാഹാളിൽ എത്തിപ്പെട്ടു.അവസാനവട്ട തയ്യാറെടുപ്പുകൾ.നീണ്ട മണിമുഴങ്ങി. ഇൻ‌വിജിലേറ്റർ ക്ലാസിലേക്ക്, അദ്യംതന്നെഉദ്യോഗാർത്ഥികൾക്ക് ആയി ഒരു അറിയിപ്പ് വായിക്കുന്നു.ഹാൾടിക്കറ്റിൽ ഉള്ള S.I വനിതാ പരീക്ഷ എന്നത് വനിതാ ജയിലർ പരീക്ഷ എന്ന് P.S.C/REF/2002/WJE സർക്കുലർ പ്രകാരം തിരുത്തി എഴുതേണ്ടതാണ്.S.I കുപ്പായം സ്വപ്നം കണ്ട് നടന്ന എനിക്ക് ജയിലറിന്റെ കുപ്പായമൊ?( ദൈവംഎനിക്ക് തന്ന ശിക്ഷ ഇതാ ഞാൻ വെളിപ്പെടുത്തുന്നു.) ഈ വിവരം എങ്ങാനും പോലീസ് എമാന്റെ കാതിൽ ചോർന്ന് പോയാൽ???

ടീം....ഇതാകിടക്കുന്നു തലകറങ്ങി ഡെസ്ക്കിലേക്ക്. തണ്ണിവരുന്നു,കുടയുന്നു, കുടിക്കുന്നു........ യാത്രാക്ഷീണം ആണ് എന്ന് പൊതുവിൽവിലയിരുത്തപ്പെടുന്നു. യഥാർത്ഥ ക്ഷീണം എന്താണ് എന്ന് എനിക്കല്ലെഅറിയൂ..........ഉഗാണ്ടയുടെ തലസ്ഥാനം വരെ എഴുതാൻ ഞാൻ മറന്നുപോകുന്നു.
************************
പോനാൽ പോകട്ടും പോടാ.........! ഇത് താൻ നമ്മ സ്റ്റയിൽ, പരീക്ഷയും റിസൽട്ടും...ഒക്കെ അതിന്റെ വഴിക്ക് പൊക്കോളും എന്ന് മനസ്സിനെ പഠിപ്പിച്ചു.ഗുരുവായൂർ വരെ വന്നിട്ട് “ കണ്ണനെ” കാണാതെ പോകാൻ മനസ്സ് അനുവദിച്ചില്ല............! പിന്നെ കണ്ണനെ കണ്ടു, S.I കുപ്പായം, ജയിലർ കുപ്പായമാക്കിയതിന്റെ പരിഭവം പറഞ്ഞു.പാൽ പായസം കുടിച്ചു.പിന്നെ തിരിച്ച് ഇറങ്ങുമ്പോൾ പെട്ടെന്ന് ആണ് കൂട്ടുകാരി “എന്റെ അമ്മ“അവളെ പ്രത്യേകം പറഞ്ഞ് എൽ‌പ്പിച്ച “ഗുരുവായൂർ സപെഷ്യലിനെ“ പറ്റി എന്നെ ഓർമ്മിപ്പിക്കുന്നത്.

അല്പം കഷ്ടപ്പെട്ടു എങ്കിലും അതു കണ്ടു പിടിച്ചു, ഭാരം അല്പം കുടുതൽ ആയിരുന്നു എങ്കിലും,അമ്മ എറെനാളയി ആഗ്രഹിക്കുന്നത് അല്ലേ? എന്ന ഒറ്റകാരണത്താൽ ഞാൻ അത് അക്ഷരാർത്ഥത്തിൽ “ ചുമക്കുക തന്നെ ആയിരുന്നു.ഇനിയാണ് പൂരം,കൂട്ടുകാരി പാലക്കാടേക്കും, ഞാൻ എർണാകുളത്തേക്കും വണ്ടികയറി, എനിക്കു എർണാകുളത്ത് നിന്ന് കൊല്ലത്തേക്ക് ഇനി ട്രെയിനും പിടിക്കേണ്ടതുണ്ട്, K.S.R.T Super Fast ന് ന് വേഗം പോരാ...എന്ന് അക്ഷമപെട്ടിരിക്കുന്ന ഞാൻ ഒടുവിൽ, ബസ്സ് സ്റ്റേഷനിൽ എത്തി, അവിടുന്ന് ഓട്ടോയിൽ “സൌത്ത് റെയിൽവെ സ്റ്റേഷനിൽ“ഒരുകാലത്തും ട്രെയിൽ സമയത്ത് പുറപ്പെടില്ലാ എന്ന എന്റെ മുൻ ധാരണകളെ തിരുത്തികുറിച്ച് “ എന്നെ എതിരേറ്റത് ഈ അനൌണ്സ്മെന്റ് ആണ്.

““”“യാത്രിയൊം ക്യപയാ ധ്യാൻ ദീജിയെ! ഷൊർണ്ണൂർസേ ട്രിവാൻഡ്രം തക്ക് ജാനേവാലി റെയിൽ ഗാഡി നമ്പർ 6301 വേണാ‍ട് എക്സ്പ്രസ്സ് പ്ലാറ്റ്ഫോം നമ്പർ 1 സെ ധൊഡി ഹി ദേർമേം രവാനാ ഹൊഗി !

“”“”ഈശ്വരാ...........!!! ഈ ട്രെയിൻ പോയാൽ പിന്നെ ഈ വീക്കന്റും പേരറിയാത്ത കറികൾ കൂട്ടി ഹോസ്റ്റലിൽ തന്നെ എന്ന ചിന്ത വന്നപ്പോൾ. ഞാൻ നടത്തക്ക് വേഗം കൂട്ടി,ടിക്കറ്റ് കൌണ്ടറിലെ ക്യൂ കണ്ട് ഞാൻ അന്തംവിട്ടു, ഈഅടുത്തകാലത്ത് ഒന്നും എനിക്ക് ടിക്കറ്റ് കിട്ടാൻ വകുപ്പില്ലാ എന്ന് മനസ്സിൽ ഉറപ്പിച്ചു, എന്നാലും, ആരോടെങ്കിലും കെഞ്ചി ക്യൂ വിന് മുൻപ്പിൽ എത്തിപ്പെടാം എന്ന ധാരണയിൽ മുൻപിൽ ഉള്ള സ്റ്റെപ്പുകൾ ഞാൻ അതി വേഗതയിൽഓടി കയറി...ഒന്നും ചിന്തിച്ചില്ല പിന്നെ ഒരു ഓട്ടം ആയിരുന്നു ടിക്കറ്റ് കൌണ്ടറിലെ ക്യൂ വിലെ മുൻ നിരയില്ലേക്ക്.

അവിടെ എത്തിയതും എന്റെ കയ്യിലെ “ഗുരുവായൂർ സപെഷ്യൽ” അതിഭീകരമായ ശബ്ദം ഉണ്ടാക്കി എന്റെ കയ്യ് വിട്ട് “സൌത്ത് റെയിൽ സ്റ്റേഷനിലെ ടൈൽ‌സ് തറയിലേക്ക് “പതിച്ചു. ( വളരെ നേർത്ത “ “രാം ദുലാരി“ എന്ന് അറിയപ്പെടുന്ന ക്യാരി ബാഗ്ഗിൽ ആയിരുന്നു എന്റെ “ഗുരുവായൂർ സപെഷ്യൽ” - N.B :- kerala Governor ആയിരുന്ന രാം ദുലാരി സിൻഹ എന്ന വനിതാഗവർണ്ണറുടെ കൈയ്യ് ഇല്ലാത്ത ബ്ലൌസിനെ കളിയാക്കി ഇട്ട പേരായിരിക്കാം അത്, എന്റെ നാട്ടിൽ ഇപ്പോഴും “ക്യാരി ബാഗ് - രാം ദുലാരി “തന്നെ.) അരോ ഉടൻ ബോംബ്,ബോംബ്,ബോംബ്, എന്ന് അലറി. ഉന്തും,തള്ളും, ആകെ ബഹളം ക്യൂ വിലുള്ള ആൾക്കാർ ഇറങ്ങിഓടുന്നു.

എല്ലാം നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. ക്യൂ വിൽ ഞാനും, താഴെ അനാഥമായി കിടക്കുന്ന എന്റെ “ഗുരുവായൂർ സപെഷ്യലും” മാത്രം...ബുദ്ധി പ്രവർത്തിക്കുന്നു .ഞാൻ അരേയും മൈൻഡ് ചെയ്യാതെ ഉടൻ ടിക്കറ്റ് എടുക്കുന്നു.അവിടെക്ക് പാഞ്ഞ് വന്ന റെയിൽവെ പോലീസ് പിന്നെ കണ്ടത്.അല്പം പരിഷ്കാരി ആയ ഒരു (ഈ) സുന്ദരി ഒരു മയവും ഇല്ലാതെ “മുകളിൽ പറഞ്ഞ ““ഗുരുവായൂർ സപെഷ്യൽ” തോളിൽ വച്ച് പ്ലാറ്റ് ഫോം 1ലേക്ക് ഓടുന്നത് ആണ്.

ഇതിനിടയിലും...സരസനായ ഒരു വിരുതൻ എന്നെ നോക്കി .....കല്ല് കൊത്താനുണ്ടോ? കല്ല് എന്ന് ഒരു മയവും ഇല്ലാതെ വിളിച്ച് പറയുകയും കൂടിചെയ്തു.

റെയിവേ സ്റ്റേഷനിൽ നിര നിര ആയുള്ള ടി.വി യിൽ അപ്പോൾ ഉയർന്ന് കേട്ട പാട്ട് നിങ്ങൾക്ക് ഇങ്ങനെ വായിക്കാം.
ഉശിരേറിയാൽ പുലിപുല്ലെടാ......
ഉശിരില്ലെന്നതു നേരെടാ........
എലി തുമ്മിയാൽ മലവീഴുമോ?
ഉന്നം മറന്ന് തെന്നിപ്പറന്ന....... അങ്ങനെ അങ്ങനെ പോകുന്നു.( എന്റെ ബലമായ സംശയം ഇതെല്ലം കേരള സർക്കാരിന്റെയും, റെയിവേ ഭീമന്റെയും ഒരു ഒത്തുകളി അല്ലെ?എന്നാണ്!!!)

അങ്ങനെ S.I പരീക്ഷക്ക് പോയ സാക്ഷാൽ പുലി - എലി ആയി മാ‍ളത്തിലേക്ക്!!!!
ഗുണപാ‍ഠം- കൊടുത്താൽ കൊല്ലത്തും കിട്ടും !!!!! (ഇതിന്റെ സാരാംശം- കുട്ടി നീ ആള് പുപ്പുലി തന്നെ എന്ന് !!!!!!!!????*****.)

ഇനിയും ““ഗുരുവായൂർ സപെഷ്യൽ” എന്താണ് എന്ന് മനസ്സിലാകാത്തവർക്കായി താഴെ “പടം” ചേർത്തിരിക്കുന്നു.
ഈ പോസ്റ്റിന് മനോഹരമായ “സ്കെച്ച് ” വരച്ച് തന്ന പ്രിമാ സെബത്ത് എന്ന എന്റെ സഹപ്രവർത്തകക്ക് നന്ദി!